മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം

  • അന്നും പതിവുപോലെ ജോലി കഴിഞ്ഞ് അഞ്ചര ആയപ്പോൾ വീട്ടിലെത്തി.  പതിവുള്ള ചായക്കായി വെറുതെ ടിവിയിൽ നോക്കി ഇരിക്കുമ്പോൾ അടുത്തിരുന്നു പത്രം വായിക്കുകയായിരുന്നു മകൾ.  ഇടയ്ക്ക് അവൾ ഉച്ചത്തിൽ ഒരു വാർത്തയുടെ തലക്കെട്ട് വായിച്ചു.  " മൂന്നാറിൽ നീലക്കുറിഞ്ഞി വസന്തം സഞ്ചാരികളുടെ ഒഴുക്ക്".  എന്നിട്ട് ഒളികണ്ണിട്ട് അവൾ എന്നെ നോക്കി. ഈ വാർത്ത ഞാൻ രാവിലെ തന്നെ വായിച്ചിരുന്നു.  സത്യത്തിൽ എനിക്ക് ചിരി വന്നു.  അതു പ്രകടമാക്കാതെ അവൾ ഉച്ചത്തിൽ വായിക്കുന്നതും കേട്ടിരുന്നു. വായിച്ചു തീർന്നു കഴിഞ്ഞു അവൾ എന്റെ മുഖത്തേയ്ക്കു നോക്കി. പോകണമോ? ഞാൻ ചോദിച്ചു.   ആ പോകണം!  പോകണം!! അവൾ സന്തോഷത്തോടെ പറഞ്ഞു.  അവൾക്കൊരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു ഓ! വേണ്ട?.  അപ്പോഴേക്കും അവളുടെ ചിരി മാഞ്ഞു മുഖം വാടുന്നുണ്ടായിരുന്നു.  സാരമില്ല നമുക്ക് ആലോചിക്കാം എന്ന്  സമാധാനിപ്പിച്ച് പതിവുപോലെ ചായ കുടിയും കുളിയും കഴിഞ്ഞ് കമ്പ്യൂട്ടറിന്റെ മുന്നിലെത്തി.  ഒയോ റൂംസിന്റ  വെബ്സൈറ്റിൽ മൂന്നാറിലെ ഹോട്ടലുകളിൽ റൂം റേറ്റ് ചെക്ക് ചെയ്തു നോക്കി.  എല്ലാ ഹോട്ടലുകളിലും റൂം റേറ്റ് വളരെ കുറഞ്ഞ നിരക്ക് ആയിരുന്നു.  ഒരു കാര്യം മനസ്സിലായി മൂന്നാറിൽ സഞ്ചാരികളുടെ ബാഹുല്യം കുറവാണ്. മഹാപ്രളയം നിമിത്തം മൂന്നാറിൽ ഒരുപാട് റോഡുകൾ ഒലിച്ചുപോയി എന്നൊക്കെ വാർത്തയുണ്ടായിരുന്നു. ഒരുപക്ഷേ അതാകാം സഞ്ചാരികളുടെ തിരക്ക് കുറവിനുള്ള കാരണം. മൂന്നുവർഷം മുൻപ് മൂന്നാർ സന്ദർശിച്ചപ്പോൾ 2500 രൂപയ്ക്ക് താമസിച്ച  ഫാമിലി റൂം അതേ ഹോട്ടലിൽ  1000 രൂപയ്ക്ക് ബുക്ക് ചെയ്തു.   ഇരവികുളം നാഷണൽ പാർക്ക് വെബ്സൈറ്റിൽ നിന്നും നാലു പേർക്കുള്ള പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്തു  മകളെ കൂടുതൽ ആശങ്കയിൽ ആക്കണ്ട എന്ന് കരുതി റൂം ബുക്ക് ചെയ്തതും ഇരവികുളത്തേക്കുള്ള  ടിക്കറ്റ് ബുക്ക് ചെയ്തതും ആദ്യം അവളോട് തന്നെ പറഞ്ഞു. അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി.  രാവിലെ മൂന്നുമണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. MC റോഡ് വഴിയായിരുന്നു യാത്ര. കൊട്ടാരക്കര, പന്തളം, തിരുവല്ല, ഉമ്മൻചാണ്ടി സാറിന്റെ മണ്ഡലമായ പുതുപ്പള്ളി വഴി മാണി സാറിന്റെ സ്വന്തം മണ്ഡലമായിരുന്ന പാലായിലെത്തി.പാലായിലെ കിടുക്കൻ റോഡുകളും കടന്ന്

തൊടുപുഴ വഴി കൊച്ചി ധനുഷ്കോടി  ദേശീയപാതയിൽ എത്തി.  അടിമാലി ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ ഏകദേശം രാവിലെ 8 മണി രാവിലത്തെ ഭക്ഷണം കഴിച്ചിട്ട് ആകാം ഇനി യാത്ര.  നേര്യമംഗലത്ത് ഉള്ള സാമാന്യം തരക്കേടില്ലാത്ത ഹോട്ടലിൽ കയറി പൊറോട്ടയും മുട്ടക്കറിയും കഴിച്ചു നേരെ അടിമാലി യിലേക്ക് . അടിമാലി എത്തുന്നതിനു മുമ്പായി ചീയപ്പാറ വെള്ളച്ചാട്ടം.

അവിടെ എത്തിയപ്പോഴേക്കും മഴയുണ്ടായിരുന്നു വളരെ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം ഒരു സുന്ദര കാഴ്ചയായിരുന്നു. അതിനുശേഷം അടിമാലി ലേക്ക് യാത്ര തുടർന്നു കുറച്ചു കഴിഞ്ഞപ്പോൾ അടിമാലിയിൽ എത്തി. സുന്ദരമായ ഒരു മലയോര പട്ടണം.

അവിടെ നിർത്തി ബേക്കറിലും മെഡിക്കൽ ഷോപ്പിലും കയറി അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങി യാത്ര തുടർന്നു. അടിമാലി മുതൽ   മൂന്നാർ വരെ കഴിഞ്ഞ പ്രളയത്തിൽ ലാൻഡ് സ്ലൈഡിങ് നടന്ന ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് കാണുമ്പോഴാണ് ലാൻഡ് സ്ലൈഡിങിന്റ  ഭീകരത മനസ്സിലാവുന്നത്. ഇടയ്ക്ക് രണ്ട് മൂന്ന് സ്ഥലത്ത് റോഡിന്റെ കുറച്ചുഭാഗം ഒലിച്ചുപോയിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ പോലീസ് ഒരു വരിയായി വാഹനം കടത്തിവിടുന്നു 15 മിനിറ്റോളം കാത്തു നിൽക്കേണ്ടി വന്നു അങ്ങനെയുള്ള സ്ഥലങ്ങൾ കടന്നുപോകാൻ. അങ്ങനെ  12 മണി ആയപ്പോൾ റൂം ബുക്ക് ചെയ്തിരുന്ന SN  ഹോട്ടലിൽ എത്തി ചേർന്നു. മൂന്നാറിലെ പ്രവേശനകവാടത്തിൽ ദേശീയപാതയ്ക്ക് അരികിൽ തന്നെ ആണ് ഹോട്ടൽ.

ചെക്ക് ഇൻ ചെയ്തു ഹോട്ടലിൽ തന്നെയുള്ള റസ്റ്റോറന്റിൽ നിന്നും ഊണ് കഴിച്ച് ഒരു മണിക്കൂർ വിശ്രമവും കഴിഞ്ഞ് രണ്ട് മണിയോടുകൂടി വെറുതെ കറങ്ങാൻ ഇറങ്ങി.  മൂന്നാർ വട്ടവട റൂട്ടിൽ ടോപ് സ്റ്റേഷൻ വര പോകാനായിരുന്നു പ്ലാൻ.  മൂന്നാർ ടോപ് സ്റ്റേഷൻ 35 കിലോമീറ്റർ ആണ്.  3 വർഷം മുമ്പ് മൂന്നാർ സന്ദർശിച്ചപ്പോൾ ഉണ്ടായിരുന്നതിന്റെ നാലിലൊന്ന് തിരക്ക് മാത്രമേ മൂന്നാർ ടൗണിൽ ഉണ്ടായിരുന്നുള്ളൂ.  ആദ്യ സ്ഥലമായ റോസ് ഗാർഡൻ വണ്ടി നിർത്തി.  ഊട്ടിയിലെ റോസ് ഗാർഡൻ കണ്ടിട്ട് ഇത് കാണുമ്പോൾ അത്ര ഭംഗി ഒന്നും ഇല്ല.  മാത്രവുമല്ല റോസ് ചെടികളിൽ പൂവുകൾ ഒട്ടും ഇല്ലായിരുന്നു. പിന്നെ കുറെ ആന്തൂറിയം പൂക്കളും അല്ലാതെ ഒന്നും ഇല്ല.  ഒരുപക്ഷേ പ്രളയം കഴിഞ്ഞതിന്റെ തൊട്ടുപിറകെ ആയതുകൊണ്ടാകാം ചെടികൾ ഒന്നും പുഷ്പിക്കാതെ  നിൽക്കുന്നത്. അവസാനം ചെടികൾ വിൽക്കുന്ന സെക്ഷൻ വന്നെത്തി. കുറെ ചെടികൾ ഒക്കെ വാങ്ങി അവിടെനിന്നും തിരിച്ചു.

 തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളവും തിരുവും ഉള്ള റോഡിൽ ഡ്രൈവിംഗ് ദുഷ്കരമായിരുന്നു.  ചുറ്റുമുള്ള തേയിലത്തോട്ടങ്ങളുടെ ദൃശ്യവും തണുപ്പും ഇടയ്ക്കിടയ്ക്ക് വരുന്ന കോടമഞ്ഞും പക്ഷേ ഒരു പ്രത്യേക സന്തോഷം പകരുന്നതായിരുന്നു.  അങ്ങനെ അടുത്ത വ്യൂ  പോയിന്റ് എത്തി കണ്ണൻ ദേവൻ തേയിലത്തോട്ടങ്ങൾ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം. അൽപനേരം അവിടെ നിന്ന് ഫോട്ടോ എടുത്തിട്ട് മുന്നോട്ട്. യൂക്കാലി തോട്ടവും തേയിലത്തോട്ടങ്ങളും പിന്നിട്ട് മാട്ടുപ്പെട്ടിയിൽ എത്തി.  നിറഞ്ഞുനിൽക്കുന്ന മാട്ടുപ്പെട്ടി ഡാം നല്ലൊരു കാഴ്ചയായിരുന്നു.

കുറച്ചു മുന്നോട്ടു പോകുമ്പോൾ ഒരു എലിഫന്റ് ക്രോസിങ് സോൺ ഉണ്ട്. ഇവിടെ വിശാലമായ പുൽമേടുകൾ ഉണ്ട് .  മിക്കവാറും സമയങ്ങളിൽ ഇവിടെ കാട്ടാനകളെ കാണുവാൻ കഴിയും.  രണ്ടുമൂന്നു വണ്ടികൾ സൈഡിൽ നിർത്തിയിട്ടിരിക്കുന്നു സഞ്ചാരികൾ വെളിയിലിറങ്ങി നിന്ന്ഫോട്ടോ എടുക്കുന്നു. " ആനയായിരിക്കും" മകൻ പറഞ്ഞു.  അവന്റെ നിഗമനം തെറ്റിയില്ല ചെറിയ ഒരു ആനക്കൂട്ടം പുൽമേട്ടിൽ നിന്ന് മേയുന്നു.


വണ്ടികളുടെ എണ്ണം കൂടിയപ്പോൾ പോലീസ് ആദ്യമാദ്യം വന്ന വണ്ടികൾ മുന്നോട്ട് വിട്ടു കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അവിടുന്ന് വണ്ടി വിട്ടു.
മാട്ടുപ്പെട്ടി ഇൻഡോസ്വിസ് പ്രോജക്ടിന്റെ കാലികളുടെ മേച്ചിൽപുറങ്ങളായ പുൽമേടുകളും താണ്ടി 

മുന്നോട്ട് പോയപ്പോൾ എക്കോ പോയിന്റ് എത്തി കുട്ടികൾക്ക് ഒരു സന്തോഷമാകും അവിടെ ഇറങ്ങി. തിരക്ക് ഒട്ടും ഇല്ലായിരുന്നു. എക്കോ പോയിന്റിൽ മക്കൾ രണ്ടാളും പരസ്പരം വട്ടപേരും പേരും ഉറക്കെ വിളിച്ച് അൽപം കഴിയുമ്പോൾ അപ്പുറത്തെ മലനിരകളിൽ തട്ടി അതിന്റെ പ്രതിധ്വനി കേട്ട് ഉല്ലസിക്കുന്നതും കണ്ടു കുറച്ചുനേരം അവിടെ ഇരുന്നു. അപ്പോഴാണ് ഏകദേശം 30 പേരടങ്ങുന്ന ഒരു കോളേജ് ഗ്രൂപ്പ് അവിടെ വന്നത്. ആ ഗ്രൂപ്പിൽ ഉള്ള ബോയ്സിന്റെയും  ഗേൾസിന്റെയും  വിചിത്രമായ വട്ടപ്പേരുകൾ മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന രസകരമായ നിമിഷങ്ങളോട് വിടപറഞ്ഞു അവിടെ നിന്നും യാത്രതിരിച്ചു.
 

3 വർഷം മുമ്പ് ഈ റൂട്ട് വിശദമായി എല്ലാ സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ആവർത്തന  വിരസത ഉണ്ടായിരുന്നു.  ഇപ്രാവശ്യത്തെ യാത്രയുടെ ഉദ്ദേശം ഇരവികുളം നാഷണൽ പാർക്ക് അതിൽ പൂത്തുലഞ്ഞു നിൽക്കുന്ന നീലക്കുറിഞ്ഞികളും വരയാടു കളെയും  കാണുക എന്നതായിരുന്നു. അവസാനം നാലര മണിയായപ്പോൾ ടോപ് സ്റ്റേഷനിലെത്തി. പ്രവേശനകവാടത്തിൽ എൻട്രി ടിക്കറ്റ് എടുത്തു താഴേക്കുള്ള പടവുകൾ (മണ്ണിൽ വെട്ടിയുണ്ടാക്കിയ പടവുകൾ) ഇറക്കം വളരെ ആയാസകരം ആയിരുന്നു. ഇറങ്ങി താഴെ ചെല്ലുമ്പോൾ കൊളുക്കുമല യുടെ സുന്ദര ദൃശ്യങ്ങൾ കാണുമ്പോൾ പടവുകളിറങ്ങിയ  ക്ഷീണം പമ്പകടക്കും.

കണ്ടും  ഫോട്ടോ എടുത്തും  കുറച്ച് സമയം ചിലവഴിച്ച തിരിച്ച് മുകളിലോട്ടുള്ള കയറ്റം തുടങ്ങി.  താഴോട്ട് ഇറങ്ങുന്നതിനേക്കാൾ എളുപ്പമായിരുന്നു കയറ്റം. മുകളിലെത്തി ചായയും ബ്രഡ് ഓംലെറ്റും കടികളും  കിട്ടുന്ന കടകൾ ഇരു സൈഡിലും ധാരാളമുണ്ട്. മുളകൊണ്ടു കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങളും. ചായ കുടി കഴിഞ്ഞു കാറിന്റെ അടുത്തെത്തിയപ്പോൾ ആറു മണിയായി. നേരം ഇരുട്ടി തുടങ്ങി ഇനി 35 കിലോമീറ്റർ മൂന്നാറിലേക്ക് രാത്രിയിൽ വണ്ടി ഓടിക്കുക അൽപ്പം റിസ്കാണ്   വളവും തിരിവും ഉള്ള വീതികുറഞ്ഞ ഒരു സൈഡ് കൊക്കയുമായ  റോഡ് കൂടാതെ കോടമഞ്ഞിന്റെ  മൂടാപ്പ് വഴിയിൽ ആനയിറങ്ങുന്ന സ്ഥലങ്ങൾ. ഇങ്ങനെയുള്ള ദുർഘടം പിടിച്ച അവസ്ഥയിൽ ഏതെങ്കിലും ഒരു വണ്ടിയെ ഫോളോ ചെയ്തു പോകുന്നതാണ് കുറച്ചുകൂടി സുരക്ഷിതം. ടൂറിസ്റ്റുകളുമായി വന്ന  ഒരു ടെമ്പോട്രാവലറിനെ പിന്തുടർന്ന് മൂന്നാറിലെത്തി. ഹോട്ടൽ റസ്റ്റോറന്റിൽ  ഭക്ഷണം ഓർഡർ ചെയ്തു റൂമിൽ ചെന്ന് കുളിച്ച് ഫ്രഷായി.  അപ്പോഴേക്കും ഓർഡർ ചെയ്ത് ഭക്ഷണം റൂമിൽ എത്തി, ഭക്ഷണമെല്ലാം കഴിച്ചു മൂന്നാറിലെ തണുപ്പിൽനിന്ന് രക്ഷനേടുവാൻ കരുതിയിരുന്ന കമ്പിളി ഉടുപ്പ് ഒക്കെ ഇട്ട് കമ്പിളിപ്പുതപ്പിനുള്ളിൽ കയറി.

 നാലുപേരും കാത്തിരുന്ന നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന ഇരവികുളം കാഴ്ചകൾ കാണുവാൻ രാവിലെ ആറ് മണിക്ക് തന്നെ പുറപ്പെടണം എങ്കിലേ 7 മണിക്കുള്ള ആദ്യ വണ്ടിയിൽ സീറ്റുകൾ കിട്ടുകയുള്ളൂ. നാലരമണിക്ക് അലാറം സെറ്റ് ചെയ്തു സുഖമായി ഉറങ്ങി. രാവിലെ ആറേകാലിനു  തന്നെ തിരിച്ചു.  ഇരവികുള ത്തേയ്ക്ക്   8 കിലോമീറ്റർ ആണ്  ദൂരം. വഴിയിൽ തിരക്കൊന്നുമില്ല മൂന്നാർ മറയൂർ റൂട്ടിൽ ആണ് ഇരവികുളം. പ്രളയത്തിൽ പാലം ഒലിച്ചുപോയസ്ഥലത്തുള്ള താൽക്കാലിക പാലവും കടന്ന്
ആറര ആയപ്പോൾ ഇരവികുളം നാഷണൽ പാർക്ക് എത്തി.  അപ്പോഴേക്കും പാർക്കിങ് ഏരിയയിൽ കുറേ വണ്ടികൾ! ടിക്കറ്റിനുള്ള നീണ്ട ക്യൂ.  12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രകൃതിയുടെ അത്ഭുതം കാണാൻ എത്ര നേരത്തെ ഈ സഞ്ചാരികൾ എത്തി അതെന്നെ അത്ഭുതപ്പെടുത്തി!  7 മണിക്ക് കൊടുക്കുന്ന ടിക്കറ്റിന് വേണ്ടി 6 മണിക്ക് ഒരുപക്ഷേ അതിനുമുമ്പ് മൂന്നാറിലെ കൊടുംതണുപ്പിൽ ഇത്രയധികം ആളുകൾ ക്യൂ നിൽക്കന്നു!  ഞാൻ കരുതിയിരുന്നത് ഞങ്ങൾ ആയിരിക്കും ആദ്യമെത്തുക എന്നായിരുന്നു.  എൻട്രി ടിക്കറ്റ് നേരത്തെ ഓൺലൈനിൽ കൂടി എടുത്തിട്ടുള്ളതിനാൽ ക്യൂ നിൽക്കാതെ തന്നെ ആദ്യ വണ്ടിയിൽ തന്നെ സീറ്റ് കിട്ടി.
  ഇരവികുളം നാഷണൽ പാർക്കിലേക്ക് സഫാരി വണ്ടിയിൽ യാത്ര ഇടുങ്ങിയ വളവും തിരിവും ഉള്ള റോഡിൽകൂടി വിദഗ്ധനായ ഡ്രൈവർ സാമാന്യം വേഗത്തിൽ തന്നെ വണ്ടി ഓടിച്ചു.  തണുപ്പും, മഞ്ഞും, തേയിലത്തോട്ടങ്ങളും, വണ്ടി ഓടുമ്പോൾ ഉള്ള തണുത്തകാറ്റും ഒരു പ്രത്യേക അനുഭവമായിരുന്നു. വഴിയിലെല്ലാം ഇടയ്ക്കിടയ്ക്ക് നീലക്കുറിഞ്ഞി പൂവിട്ട്  നിൽക്കുന്നത് കാണാമായിരുന്നു.  20 മിനിറ്റ് യാത്രയിൽ എൻട്രൻസ് എത്തി. അവിടെയുള്ള കഫെറ്റീരിയയിൽ നിന്ന് ലഘുഭക്ഷണവും ചൂടു കാപ്പിയും കഴിച്ചിട്ട് ഏകദേശം ഒരു രണ്ടര കിലോമീറ്റർ വരുന്ന  മലകയറ്റത്തിനായി തയ്യാറായി. ടാർ ചെയ്ത   റോഡാണ് കയറ്റമാണ് ഹെയർപിൻ ബെൻഡ് ഉണ്ട് ആർക്കും ഈസിയായി നടക്കാവുന്നതേയുള്ളൂ. മുകളിലോട്ട് കയറുന്തോറും നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.

നീലക്കുറിഞ്ഞിയിൽ സഞ്ചാരികൾ തൊടാതിരിക്കാൻ   എല്ലാ സ്ഥലത്തും കാവൽക്കാർ ഉണ്ടായിരുന്നു.  മുകളിലോട്ട് കയറുന്തോറും ഒരു സൈഡിൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നതും  മറു സൈഡിൽ രാവിലത്തെ ഇളംവെയിലിൽ മഞ്ഞണിഞ്ഞു  നിൽക്കുന്ന മലനിരകളും മനസ്സിന് കുളിരു പകരുന്ന ദൃശ്യങ്ങളായിരുന്നുു.

  നടന്നു നടന്നു ഏറ്റവും മുകളിലെത്തി അതിനപ്പുറത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല.
  അവിടെ മുളകൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു അതിലിരുന്ന് വിശ്രമിക്കുമ്പോൾ താഴെ നിന്ന് ധാരാളം സഞ്ചാരികൾ മല കയറി വരുന്ന ദൃശ്യം കാണാമായിരുന്നു.
  അപ്പോഴും ഇരവികുളത്തെ  വരയാട് കൂട്ടത്തിൽ ഒന്നിനെ പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരു സങ്കടം ഉണ്ടായിരുന്നു. അതിനെപ്പറ്റി അടുത്തുണ്ടായിരു ന്ന  ഗാർഡിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വെയിൽ എല്ലാം നല്ലതുപോലെ ആയി ഏകദേശം ഒരു പത്തു മണി ആകുമ്പോഴേക്കും കൂട്ടംകൂട്ടമായി വരും.  അപ്പോൾ എട്ടര മണി അയതേയുള്ളൂ കുറച്ചുനേരം അവിടെയിരുന്നു ഒമ്പതര ആയപ്പോൾ താഴേക്കിറങ്ങാൻ തുടങ്ങി.  ഒന്ന് രണ്ട് വളവ് കഴിഞ്ഞു താഴെ എത്തിയപ്പോൾ  ഒരു വരയടിന്റ  കൂട്ടത്തെ കണ്ടു. 
 അവർ പ്രഭാത ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നു  .  താഴെ എത്താറായപ്പോഴേക്കും സഞ്ചാരികളും വരയാടുകളും  കൂട്ടംകൂട്ടമായി മുകളിലേക്ക് കയറുന്നു.
ഒരു പേടിയും ഇല്ലാതെ അലസമായി പുല്ലും ഇലകളും കടിച്ച് സഞ്ചാരികൾ കൊപ്പം നടക്കുന്ന വരയാടുകൾ.

റിസപ്ഷനിൽ വന്നു ചായയും ലഘുഭക്ഷണവും കഴിച്ച് മടക്കയാത്രയ്ക്കുള്ള ബസ്സിൽ സീറ്റ് പിടിച്ചു അല്പസമയം കഴിഞ്ഞപ്പോൾ ബസ് നിറഞ്ഞു  മടക്കയാത്ര തുടങ്ങി.  പാർക്കിംഗ്് സ്ഥലത്തെത്തി കാറിൽ കയറി ഒരു സുന്ദര യാത്രയുടെെ ഓർമ്മകളും
പേറി നേരെ സ്വന്തം നാടായ ചക്കുവള്ളിയിലേക്ക്.......


Comments

Popular posts from this blog

ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

വാൽപ്പാറ പറമ്പിക്കുളം അടിപൊളി ഫാമിലി ട്രിപ്പ്