ഒരു ആറ്റുവാളയുടെ അപേക്ഷ

*ഊത്ത പിടിക്കരുത്..*   ഒരു കത്ത്‌..
*-----------------------------------*
To. കേരളത്തിലെ പ്രിയ ആംഗ്ലിങ് സിംഹങ്ങൾ

Sub: ഒരു വാളയുടെ അപേക്ഷ

പ്രിയ കേരളീയരെ..

ശുദ്ധജലത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പാവം വാളയാണ്‌ ഞാൻ.

ഇടവപ്പാതി മഴ പെയ്തു തുടങ്ങിയിരിക്കുന്നു.!! ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട വിളിക്കാൻ കൊള്ളാത്ത പേരുള്ള ചുഴലിക്കൊടുങ്കാറ്റു കൊണ്ടാണെന്നൊക്കെ നവ കാലാവസ്ഥാ പ്രാമാണികർ പറഞ്ഞേക്കാം..എന്നാൽ പാരമ്പര്യമായി പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്ന ഞങ്ങൾ മീനുകൾക്ക് അറിയാം ഓരോ ചെറിയ കാലാവസ്ഥാ മാറ്റങ്ങളും. ഞങ്ങൾ ആ സമയത്തേക്ക് സത്യത്തിൽ ഒരുങ്ങി ഇരിക്കുകയാണ്. നിങ്ങൾ കണ്ടിട്ടുണ്ടാകും ഞങ്ങളിൽ പലർക്കും വാലുകളിൽ നിറങ്ങളും മറ്റും വരുന്നത് ഇക്കാലത്താണ്. വയറ്റിൽ നിറയെ മുട്ടകളും കാണും.

സത്യത്തിൽ ആദ്യം പറഞ്ഞപോലെ കേരളത്തിലെ അത്ര ശുദ്ധമല്ലാത്ത ശുദ്ധജല ജലാശയങ്ങളിൽ ഞങ്ങൾ ശരിക്കും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പണ്ടത്തെപ്പോലെ ചെറു മീനുകൾ യഥേഷ്ടം ഞങ്ങൾക്ക് കഴിക്കാൻ ലഭിക്കുന്നില്ല. ഞങ്ങളുടെ എണ്ണവും വിരലിൽ എണ്ണാവുന്നത് മാത്രം ആയിരിക്കുന്നു.

 അതിന്റെ ഇടയിൽ ഞങ്ങളെ പറ്റിക്കാൻ നിങ്ങൾ അതി നവീന രീതിയിലുള്ള ചൂണ്ടകളും തിളങ്ങുന്ന പ്ലാസ്റ്റിക് മീനുകളും മറ്റും ഇട്ടു പ്രലോഭിപ്പിക്കുമ്പോൾ വയറ്റിലെ കത്തുന്ന വിശപ്പുകൊണ്ടു കണ്ണു കാണാതായ ഞങ്ങളിൽ ചിലർ അതിൽ കടിച്ചു ജീവിതം ഹോമിക്കുന്നു..

സത്യത്തിൽ മീൻ പിടുത്തത്തിൽ ഒരു പാരമ്പര്യവുമില്ലാത്ത ചില ആൾക്കാർ ഒരു സഹകരണ സംഘം രജിസ്റ്റർ ചെയ്തു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എന്ന പുതിയ ലേബലിൽ നിരോധിത വലകളുമായി വന്നു ഞങ്ങളുടെ കുലത്തെ വല്ലാതെ നശിപ്പിക്കുന്നുണ്ട്. എവിടെയെങ്കിലും ഒളിച്ചിരിക്കാം എന്നു കരുതുന്ന ഞങ്ങളെ അവർ എന്തൊക്കെയോ വിഷങ്ങൾ കലക്കി വലയിൽ ആക്കുന്നു. രക്ഷ പെടുന്നവർ എന്നെപ്പോലെ വളരെ കുറച്ചുപേർ ഒളിച്ചും പാത്തും സ്വന്തം നാട്ടിൽ പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുന്നു. കൊറോണ വന്നപ്പോൾ നിങ്ങൾക്കും മനസിലായിക്കാണും ആ ജീവിതത്തിന്റെ സുഖം. നിങ്ങൾക്ക് ആഹാരം നൽകാൻ സർക്കാർ എങ്കിലും ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആരുമില്ല.

 പ്രായപൂർത്തി ആകണമെങ്കിൽ ഞങ്ങൾക്ക് 1.5 കിലോ മുതൽ 2 കിലോ വരെയൊക്കെ ആകണം. 2 മീറ്റർ വരെ നീളവും 35-40 കിലോ വരെ തൂക്കവും വയ്ക്കുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒരു 10 കിലോ വരെ ആയവർ ഞങ്ങളിൽ വളരെ അപൂർവം. ഞങ്ങളുടെ വലിയ പൂർവികരേയൊക്കെ നിങ്ങൾ പിടിച്ചിരിക്കാം.

മഴക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്.ഒരു വർഷത്തെ നീണ്ട കാത്തിരിപ്പ്.  കേരളത്തിന്റെ മലമടക്കുകളിൽ പെയ്യുന്ന മഴ അരുവികളിൽകൂടിയും തോടുകളിൽ കൂടിയും ഒഴുകി കലങ്ങി മറിഞ്ഞു വരുമ്പോൾ സത്യത്തിൽ ഞങ്ങൾ ഒന്നു പ്രേമിക്കുകയാണ്.. ഞങ്ങളുടെ ആഹ്ലാദം അതിരു കടക്കുമ്പോൾ ഞങ്ങൾ കലങ്ങിയ വെള്ളത്തിൽ ചിലപ്പോൾ വാലിട്ടടിക്കും.  ഞങ്ങൾക്കുമില്ലേ ഒരു കുഞ്ഞിവാൽ കാണാനുള്ള മോഹം..

അങ്ങനെ പുതുവെള്ളം വരുമ്പോൾ ഞങ്ങൾ തോടുകൾ വഴി അടുത്തുള്ള കണ്ടങ്ങൾ അല്ലെങ്കിൽ നെൽ വയലുകൾ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. അവിടെയാണ് ഞങ്ങൾ മുട്ടയിടുന്നത്. ആ യാത്ര ഒരു മരണയാത്രയാണ്.. ആറിനും തോടിനും കുറുകെ കെട്ടിയിരിക്കുന്ന തൊട്ടാൽ കുടുങ്ങുന്ന പ്ലാസ്റ്റിക് വലകൾ. ഞങ്ങളുടെ പല്ലുകൾ അൽപ്പം അകത്തേക്ക് വളഞ്ഞു അരം പോലെയാണ്. ഇത്തരം വലകളിൽ തൊട്ടാൽ ഞങ്ങൾ കുടുങ്ങിപ്പോകും.

അടുത്ത കെണി വലിയ കൂടുകൾ അല്ലെങ്കിൽ കുരുത്തി ആണ്. ചുറ്റിനും കെട്ടി അടച്ചു ചെറിയ ഒരു വാതിൽ മാത്രമായി വച്ചിരിക്കുന്ന കൂടുകളിലേക്കു മറ്റുള്ള കൂട്ടുകാരോടൊപ്പം അപ്പുറം കടക്കാം എന്നുള്ള വിശ്വാസത്തോടെ ഞങ്ങൾ കയറും. അകത്തു കടന്നാലാണ് കെണി മനസിലാകുന്നത്. കയറിയ വഴി പോലും തിരികെ ഇറങ്ങാൻ പറ്റില്ല.. സത്യത്തിൽ സർക്കാർ പുതിയ നിയമം ഉണ്ടാക്കി ഞങ്ങളെ ഈ കെണിയിൽ നിന്നു രക്ഷിക്കാൻ കുറെ ശ്രമിക്കുന്നുണ്ട്. 15000 രൂപയും ആറു മാസം തടവും ആണത്രേ കൂടു വച്ചാൽ ശിക്ഷ. പക്ഷെ പടു മഴയത്ത് എത്തിപ്പെടാൻ പറ്റാത്ത ഭാഗത്തു വെള്ളത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൂടുകൾ പലപ്പോഴും അവർക്ക് കണ്ടെത്താൻ പറ്റുന്നില്ല എന്നതാണ് സത്യം. പിന്നെ അവർക്ക് നല്ലവരായ ആൾക്കാർ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് കൂടുകൾ എടുത്തു മാറ്റി ഞങ്ങളുടെ മാർഗം സുഗമമാക്കുന്നത്.

അടുത്ത പ്രശ്നം തലക്ക് മീതെ ചുറ്റിനും പറന്നു വന്നു വീഴുന്ന വീശുവല ആണ്. കലങ്ങിയ വെള്ളം കാരണം തോടുകളുടെ കരക്ക് എപ്പോൾ വേണമെങ്കിലും വീശാൻ തയാറായി നിൽക്കുന്ന അവരെ കാണാൻ നമുക്ക് പറ്റില്ല. കുഞ്ഞു കുറുവ പരൽ മുതൽ ഈ നീളത്തിൽ കിടക്കുന്ന ഞങ്ങളെ വരെ അവർ വീശിയെടുക്കും.

പിന്നെ മടവല എന്നു പറയുന്ന ഒരിനം വലയുണ്ട്. കുമ്പിൾ ആകൃതിയിൽ ഒരു വശം തുറന്നും ഒരു വശം അടഞ്ഞും വെള്ളത്തിൽ മുക്കിപ്പിടിച്ചു ആൾക്കാർ നിൽക്കും. ഞങ്ങൾ മീശ വച്ചു തപ്പി തപ്പിയാണ് പോകുന്നത് കണ്ണു കാണില്ലല്ലോ..പക്ഷെ ഞങ്ങളുടെ ചെറിയ സ്പർശനം പോലും അവർക്കറിയാം.. വല പെട്ടെന്ന് പൊക്കുമ്പോൾ ഞങ്ങൾ വലയിലായിപ്പോകും..ചാടി രക്ഷപെടാൻ ഞങ്ങൾ കഴിയുന്നതും ശ്രമിക്കാറുണ്ട്.. പക്ഷെ മിക്കവാറും പെട്ടുപോകും.

അങ്ങനെ ഒരുവിധം രക്ഷപെട്ടു മുന്നോട്ട് ചെല്ലുമ്പോൾ തോട് മൊത്തത്തിൽ അടച്ചു കുറുകെ വല വച്ചു ഒരു മതിൽ പോലെ കാണാം. അപ്പുറത്തു നിന്നു വെള്ളം വലക്കിടയിലൂടെ വരുമ്പോൾ നമുക്ക് ഒരേയൊരു മാർഗ്ഗമേ മുന്നോട്ടു പോകാനുള്ളു..അതു സർവ ശക്തിയും സംഭരിച്ചു ആ മതിലിനു മുകളിലൂടെ ഒറ്റ ചാട്ടമാണ്.. ഗ്രഹപ്പിഴ അവിടെയും പിന്തുടരുന്നു.. അടുത്തുള്ള മരങ്ങളിൽ കെട്ടിയുറപ്പിച്ച ഒരു സഞ്ചി പോലെയുള്ള വലയിലേക്കാകും ഞങ്ങൾ ചാടി വീഴുന്നത്... ചാട്ടം കെട്ടുക എന്നാണത്രെ ഇതിനു അവർ പറയുന്നത്... എന്തൊരു കഷ്ടമാണ്...

ഈ തടസങ്ങൾ ഒക്കെ കടന്നു ഞങ്ങൾ ഞങ്ങളുടെ സ്വർഗത്തിലേക്ക് കടക്കും. അവിടെ മിക്കവാറും അധികം വെള്ളം കാണില്ല. ഞങ്ങൾ നീന്തുന്ന ഓളങ്ങൾ കാണാം ചിലപ്പോൾ ഞങ്ങളുടെ മുതുകിലെ ചിറകുകളും കാണാം. കൊയ്‌തൊക്കെ കഴിഞ്ഞ നെല്ലിന്റെ കുറ്റികളും ചെറു സസ്യങ്ങളും ഉള്ള കണ്ടത്തിൽ ഞങ്ങൾ അൽപ്പം സ്നേഹിച്ചു മുട്ടയിടും. മീൻ കടിക്കുക / ഊത്ത കടിക്കുക എന്നാണ് ആൾക്കാർ പറയുന്നത്.

മിക്കവാറും വാളുകളും വെട്ടുകത്തികളും ചെറു വലകളും ശൂലങ്ങളും ഒക്കെയായി ആളുകൾ ഞങ്ങളെ കൊല്ലാൻ വരും.. ഓടിയിട്ടൊന്നും രക്ഷയില്ല അവർ ഞങ്ങളെ മാരകമായി മുറിവേല്പിക്കും.. എവിടെയിട്ടെങ്കിലും പിടിക്കും. ചിലപ്പോൾ ഞങ്ങൾ മുട്ടകൾ ഇട്ടു കാണില്ല.. പലപ്പോഴും ഇണയെ നഷ്ടപ്പെട്ട് ഞങ്ങൾ തനിയെ ആയിപ്പോകാറുണ്ട്.

ഒരു പ്രാവശ്യമെങ്കിലും ഞങ്ങളുടെ കുഞ്ഞുങ്ങളെ പെറ്റിടാനുള്ള, ഞങ്ങളുടെ വംശം നിലനിർത്താനുള്ള  ജീവശാസ്ത്രപരമായ അവകാശത്തെ പോലും അനുവദിക്കാതെ അവർ നിഷ്കരുണം ഞങ്ങളെ കൊല്ലും. പ്രകൃതിയുടെ നിയമങ്ങൾക്കെതിരായി നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി നിങ്ങൾ എവിടെ സാധൂകരിക്കും

നിങ്ങൾക്ക് അപൂർവമായ വാളയെ പിടിച്ചു എന്നുള്ള ഒരു ചെറിയ സന്തോഷം മാത്രമേ കിട്ടൂ.. പക്ഷെ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് ഞങ്ങളുടെ വംശമാണ് എന്നു നിങ്ങൾ മറക്കരുത്. വാളയാണെന്നൊക്കെ പണ്ട് ഞങ്ങൾക്ക് അഹങ്കാരം ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി ഭയം മാത്രമേയുള്ളൂ.

നാടൻ മൽസ്യങ്ങളായ ഞങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ ജലാശയങ്ങളിൽ വിടാറില്ല. എന്നാൽ വിദേശികളായ കാർപ് മത്സ്യങ്ങൾ കട്ള, രോഹു, മൃഗാൾ, ഗ്രാസ്സ്കാർപ് തുടങ്ങിയ മത്സ്യങ്ങളുടെ ലക്ഷക്കണക്കിന് മത്സ്യങ്ങളെ അവർ ഞങ്ങളുടെ വീടുകളായ ആറ്റിലും മറ്റും ഇറക്കി വിടുന്നു..അവർ തനിയെ വംശവർധനവ് നടത്തുന്നില്ലത്രേ..എന്നാൽ അതിനോട് എനിക്കത്ര വിശ്വാസമില്ല..അവരിപ്പോൾ ഭൂരിപക്ഷം ആയിരിക്കുന്നു. ഞങ്ങളുടെ പണ്ടത്തെ കൂട്ടുകാരായ നാടൻ മൽസ്യങ്ങളായ കൂരൽ, മുഷി, കുയിൽ, കാരി, കുറുവ, പള്ളത്തി, വയമ്പ്, കോല, ആരകൻ, മുള്ളി, കല്ലേമുട്ടി തുടങ്ങി പല മൽസ്യ വംശത്തിനും ഇതൊക്കെ തന്നെ ഇപ്പോളത്തെ സ്ഥിതി..

അതുകൊണ്ടു ഞങ്ങളുടെ അപേക്ഷ എന്തെന്നാൽ...

ജീവൻ കാണില്ല എന്നുറപ്പിച്ചു ഞങ്ങൾ ചെയ്യുന്ന ഈ യാത്രയിൽ നിങ്ങൾക്ക് ഞങ്ങളോട് അല്ല നിങ്ങളുടെ തന്നെ തലമുറയോട്  പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഈ സമയത്തു ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക എന്നത്...

ഈ ചെറിയ കാലയളവിൽ വർഷകാല ആരംഭത്തിൽ ഞങ്ങളെ ഉപദ്രവിക്കാതെ വിടാൻ നിങ്ങൾക്ക് കഴിയുമോ.. അടുത്ത വർഷം മുതൽ ഇഷ്ടംപോലെ മൽസ്യ സമ്പത്തു തരാൻ ഞങ്ങൾക്ക് പറ്റും

എന്നു വിശ്വസ്തതയോടെ, ഭയത്തോടെ..

ഒരു വാള.

Comments

Popular posts from this blog

ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

വാൽപ്പാറ പറമ്പിക്കുളം അടിപൊളി ഫാമിലി ട്രിപ്പ്

മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം