വാൽപ്പാറ പറമ്പിക്കുളം അടിപൊളി ഫാമിലി ട്രിപ്പ്

കുറച്ചു നാളായി ആഗ്രഹിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു വാൽപ്പാറ പറമ്പിക്കുളം. ഓണം വെക്കേഷൻ നാല് ദിവസത്തെ അവധി കൂടി ആയപ്പോൾ പോകാൻതന്നെ തീരുമാനിച്ചു. ഗൂഗിളിൽ തിരഞ്ഞു ഡീറ്റെയിൽസ് എല്ലാം കളക്ട് ചെയ്തു യാത്രയ്ക്കായി തയ്യാറായി. യാത്രയുടെ ഡീറ്റെയിൽസ് പറഞ്ഞു കേട്ടപ്പോൾ തന്നെ മക്കളും ഭാര്യയും വലിയ ഉത്സാഹത്തിലായി.  കാരണം മിക്കവാറും എല്ലാ സഞ്ചാരികളെയും പോലെ വനത്തിൽലൂടെ ഉള്ള  യാത്ര ഞങ്ങൾ നാലുപേർക്കും വളരെ ഇഷ്ടമാണ്. ഈ യാത്ര രണ്ടു വനങ്ങളിലൂടെ ആണെന്ന് പറഞ്ഞപ്പോൾ മൂന്നുപേരും ഡബിൾ ഹാപ്പി. രാവിലെ മൂന്ന് മണിക്ക് തന്നെ ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ വസതിയിൽ നിന്നും കാറിൽ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടു. കൊല്ലം ബൈപ്പാസ്, കായംകുളം, ആലപ്പുഴ, എറണാകുളം കഴിഞ്ഞു ചാലക്കുടി ലക്ഷ്യമാക്കി കാർ അതിവേഗം ഓടിക്കൊണ്ടിരിക്കുമ്പോൾ വിശപ്പിന്റെ വിളി. ആദ്യം കണ്ടത്  ഇന്ത്യൻ കോഫി ഹൗസ്. ധാരാളം കാറുകൾ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നു. എന്നാൽപിന്നെ അവിടുന്ന് തന്നെ ആകട്ടെ ബ്രേക്ക്ഫാസ്റ്റ്. ആഹാരം  കഴിച്ചു യാത്ര തുടർന്നു .ചാലക്കുടി എത്തുന്നതിന് 10 കിലോമീറ്റർ മുൻപ് ഹൈവേയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് plantation കോർപ്പറേഷന്റെ  എണ്ണപ്പന തോട്ടത്തിൽ കൂടി  ആദ്യ ലക്ഷ്യസ്ഥാനമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ലക്ഷ്യമാക്കി യാത്ര തുടർന്നു. റോഡിനിരുവശവും നിറഞ്ഞുനിൽക്കുന്ന  എണ്ണപ്പനകളും അതിനിടയിൽ മേഞ്ഞുനടക്കുന്ന കാലി കൂട്ടങ്ങളും വ്യത്യസ്തമായ കാഴ്ചകളും കണ്ടു ഒമ്പതര മണിയായപ്പോൾ എത്തിച്ചേർന്നു. തിരുവനന്തപുരത്തുനിന്ന് 245 കിലോമീറ്റർ ആണ് ഏഴാറ്റുമുഖം വരെ,

 വെട്ടുകല്ലിൽ നിർമ്മിച്ച മനോഹരമായ ഒരു പ്രവേശന കവാടം.  അതിന് മുകളിൽ കയറിനിന്ന്  സെൽഫി എടുക്കുന്ന സഞ്ചാരികൾ( മുകളിൽ കയറുവാൻ പടവുകൾ ഉണ്ട്). പ്രവേശനകവാടത്തിൽ ആദ്യ കാഴ്ച തന്നെ ഗംഭീരം. പ്രവേശന കവാടം കടന്നു കഴിയുമ്പോൾ വിശാലമായ പാർക്കിംഗ് സ്ഥലം. പാർക്കിംഗ് സ്ഥലത്തിനടുത്തുള്ള വലിയ മരത്തിൽ ഒരു ട്രീ ഹൗസ്. ചാലക്കുടിപ്പുഴയിൽ  വളരെ മനോഹരമായി ഒരുക്കിയിട്ടുള്ള ഒരു തൂക്കുപാലം.  അതിനെ ചുറ്റിപ്പറ്റി പ്രകൃതിയുടെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താത്ത  ഒരു നല്ല സ്ഥലം. സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്. ടോയ്ലറ്റ് കോംപ്ലക്സ്,  പാർക്കിംഗ് ഏരിയ,  ചെറിയൊരു ചായക്കടയും സഞ്ചാരികൾക്ക് ഇരിക്കുവാനും വിശ്രമിക്കാനും ധാരാളം ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. തൂക്ക് പാലത്തിൽ കയറി  മറുകരയിൽ എത്തിയാൽ അവിടെയും ഈ സൗകര്യങ്ങളെല്ലാം ഉണ്ട്.

 കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചകൾ ആസ്വദിച്ച് കുറേ നേരം അവിടെ ചുറ്റിനടന്നു . നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ  തൂക്കുപാലത്തിൽ നിന്നുള്ള ദൃശ്യം നേരിട്ട് കാണുകതന്നെ ചെയ്യണം. ഏറ്റവും കൂടുതൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് തൂക്കുപാലം ആയിരുന്നു. പുഴയുടെ ഒഴുക്കും നോക്കി അലസമായി ഇരിക്കാവുന്ന ധാരാളം ഇരിപ്പിടങ്ങൾ. മഴക്കാലത്തിന് ശേഷമുള്ള സമയം ആയതുകൊണ്ട് ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകി പോകുന്നത്  കാണാൻ എന്തൊരു ചന്തം ആയിരുന്നു.

. തൂക്കുപാലത്തിൽ സഞ്ചാരികൾ കയറുമ്പോൾ പാലം നന്നായി കുലുങ്ങും. ഒരു സമയം പാലത്തിൽ നിൽക്കാവുന്ന സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട് അപ്പോൾ ഒരു പേടിയൊക്കെ തോന്നി പക്ഷേ ഒട്ടും പേടിക്കേണ്ട കാര്യമില്ല വളരെ നന്നായി നല്ല ബലമുള്ള ഒരു തൂക്കുപാലം നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രം ചെയ്താൽ മതി. രാവിലെ ആയിരുന്നതുകൊണ്ട് സഞ്ചാരികളുടെ വലിയ തിരക്ക് ഇല്ലായിരുന്നു, കുറച്ചു സമയം കഴിഞ്ഞപ്പോൾ കൂട്ടംകൂട്ടമായി സഞ്ചാരികൾ വരവായി. തിരക്ക് ആയപ്പോൾ മറുകരയിൽ പോയി പുഴ ഒഴുകുന്നത് നോക്കി കുറേനേരം ഇരുന്നു, ഇവിടെനിന്നും പോകുവാൻ മനസ്സ് അനുവദിക്കുന്നില്ല.  എങ്കിലും പോയേ തീരൂ ഇല്ലെങ്കിൽ എല്ലാ പ്ലാനുകളും തെറ്റും. മനസ്സില്ലാമനസ്സോടെ അവിടെനിന്നും പുറത്തിറങ്ങി.

അടുത്ത ലക്ഷ്യസ്ഥാനമായ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുവാൻ യാത്ര തുടർന്നു.  ഒരു സൈഡിൽ ചാലക്കുടി പുഴയും മറു സൈഡിൽ എണ്ണപ്പന തോട്ടവും  ആ റോഡിലൂടെയുള്ള യാത്രയും  വളരെ രസകരമായിരുന്നു.  അങ്ങനെ ഞങ്ങൾ ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിൽ എത്തി.  പാർക്കിൽ കയറാതെ യാത്ര തുടർന്നു വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നിന്നും  ടിക്കറ്റെടുത്ത് യാത്ര തുടർന്നു.  ഇരുവശവും വനം! ചീവീടുകളുടെ സൗണ്ടും! ഇടതൂർന്നു നിൽക്കുന്ന മരങ്ങളും! അതിനു നടുവിലൂടെയുള്ള റോഡും! വല്ലാത്തൊരു അനുഭവമായിരുന്നു. അങ്ങനെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുൻപുള്ള വ്യൂ പോയിന്റിൽ എത്തിച്ചേർന്നു.  ഇവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം വളരെ മനോഹരമാണ്!  കുറച്ച് സമയം കഴിഞ്ഞ് യാത്ര തുടർന്നു ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പ്രവേശനകവാടത്തിൽ എത്തി. വിനോദസഞ്ചാരികളുടെ നല്ല തിരക്ക് ഉണ്ടായിരുന്നു. പ്രഭാതഭക്ഷണം ലഭിക്കുന്ന ചെറിയ കട മുതൽ അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടകൾ വരെ എല്ലാം ഇവിടെയുണ്ട്. പാർക്കിംഗിനായി പ്രത്യേക സ്ഥലം ഇല്ലാത്തത് ഒരു വലിയ പ്രശ്നമാണ്.  വീതികുറഞ്ഞ റോഡിന്റെ ഒരു വശത്ത് വേണം പാർക്ക് ചെയ്യാൻ. ഏകദേശം അരക്കിലോമീറ്റർ ദൂരത്താണ് പാർക്കിങ്ങിന് സ്ഥലം കിട്ടിയത്.  ആതിരപ്പള്ളി വാട്ടർ ഫാൾസ്സിന്റെ പ്രത്യേകത വെള്ളച്ചാട്ടം തുടങ്ങുന്നിടത്ത് നിന്ന് തന്നെ കാണുവാൻ  കഴിയും എന്നതാണ്.  സാധാരണ വെള്ളച്ചാട്ടങ്ങളിൽ അതു വന്നു പതിക്കുന്ന  സ്ഥലത്തുനിന്നാണ്ല്ലോ കാണുന്നത്. സാഹസികരായ സഞ്ചാരികൾ താഴേക്കിറങ്ങി പോകുന്നു. ചിലർ വെള്ളച്ചാട്ടത്തിന്റെ  തുടക്കത്തിൽ പുഴയിൽ ഇറങ്ങി നിന്ന്  ഫോട്ടോ എടുക്കുവാൻ ശ്രമിക്കുന്നു അവരെ ഗാർഡ് വഴക്കുപറഞ്ഞു കരയിൽ കയറ്റുന്നു. ഏഴാറ്റുമുഖം-ആതിരപ്പള്ളി 15 കിലോമീറ്റർ  യാത്രയുണ്ട്. ഇവിടെ ധാരാളം കുരങ്ങുകൾ ഉണ്ട്  കയ്യിലിരിക്കുന്ന സാധനം ശ്രദ്ധിച്ചില്ലെങ്കിൽ എന്തുതന്നെയായാലും അവർ കൊണ്ടു പോയിരിക്കും.

 കുറച്ചുനേരം അവിടെ തങ്ങിയ  ശേഷം അടുത്ത ലക്ഷ്യസ്ഥാനമായ വാഴച്ചാലിലേയ്ക്  യാത്ര തുടർന്നു്. വനത്തിൽ കൂടിയുള്ള ഡ്രൈവിംഗ് എപ്പോഴും മനസ്സിൽ വല്ലാത്ത ആനന്ദം പകരും എത്രനേരം ഡ്രൈവ് ചെയ്താലും ക്ഷീണം ഒട്ടും തോന്നുകയില്ല.  എപ്പോഴും ഏതെങ്കിലും കാട്ടിലെ ആതിഥേയരെ  കാണാൻ കഴിയും എന്ന പ്രതീക്ഷ . ഏകദേശം പതിനൊന്നര മണിയായപ്പോൾ വാഴച്ചാൽ എത്തിച്ചേർന്നു.  ഇവിടെ പാർക്കിങ്ങിന്  അത്യാവശ്യം സ്ഥലമുണ്ട്. ഇവിടെയും ചായയും കാപ്പിയും സ്നാക്സും കിട്ടുന്ന ഷോപ്പും ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്. ഇവിടെയും കുരങ്ങുകൾ ധാരാളമുണ്ട് സ്നാക്ക് വാങ്ങി കഴിക്കാനായി ശ്രമിക്കുന്നവരിൽ നിന്ന് അതു വളരെ വിദഗ്ധമായി കുരങ്ങുകൾ അടിച്ചുമാറ്റുന്ന രസകരമായ കാഴ്ചയും കാണുവാൻ കഴിയും.  ചാലക്കുടിപ്പുഴ വനത്തിലുള്ള പാറക്കെട്ടിൽ ചിന്നിച്ചിതറി കുതിച്ചുപായുന്ന മനോഹര ദൃശ്യം. എത്ര കണ്ടാലും മതിവരില്ല. മ ൺസൂൺ കഴിഞ്ഞ് അതിന്റെ സർവ്വശക്തിയും എടുത്ത് ചാലക്കുടി പുഴ നിറഞ്ഞൊഴുകുന്ന സമയമായിരുന്നു. ആ സമയത്ത് വാഴച്ചാൽ വളരെ മനോഹരമാണ്. ഇവിടെയും ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. ആതിരപ്പള്ളി വാഴച്ചാൽ 5 കിലോമീറ്റർ ആണ്.

 കൃത്യം 12.30ന് അടുത്ത ലക്ഷ്യസ്ഥാനം ആയ വാൽപ്പാറ യിലേക്ക്.    ഏകദേശം 50 കിലോമീറ്റർ കൊടും വനത്തിൽ കൂടി ഒരു യാത്രയാണ്. ബഹുഭൂരിപക്ഷം സഞ്ചാരികളും വാഴച്ചാൽ സന്ദർശിച്ചശേഷം തിരിച്ചു പോകും.  എന്നാൽ കാടിനെ ഇഷ്ടപ്പെടുന്നവർക്ക് കാടിനെ കണ്ടറിഞ്ഞു യാത്രപോകാൻ പറ്റിയസ്ഥലം. ചെക്പോസ്റ്റിൽ വിശദമായ ചെക്കിങ് കൂടെ ഒരു നിർദ്ദേശവും "ഇടയ്ക്ക് നിർത്താൻ പാടില്ല, അപ്പുറത്തെ ചെക്ക് പോസ്റ്റ് ആയ മലക്കപ്പാറയിൽ കൃത്യം 2 മണിക്കൂർ കഴിയുമ്പോൾ എത്തിച്ചേരണം,  45 കിലോമീറ്റർ 2 മണിക്കൂർ അമിതവേഗം പാടില്ല, വന്യമൃഗങ്ങൾ ക്രോസ് ചെയ്യുന്ന ധാരാളം സ്ഥലങ്ങൾ ഈ റോഡിൽ ഉണ്ട്, റോഡിനിരുവശത്തും പ്ലാസ്റ്റിക് അല്ലെങ്കിൽ മാലിന്യങ്ങളോ വലിച്ചെറിയരുത്" അങ്ങനെ നല്ല കുറേ നിർദ്ദേശങ്ങൾ. എഴുതി ഒപ്പിട്ടു കൊടുത്തു.  കാടിനെയും കാടിലുള്ള  ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ മനസ്സിൽ അഭിനന്ദിച്ചു കൊണ്ട് യാത്ര തുടർന്നു.  വിശപ്പിന്റെ സമയമാണെങ്കിലും വനത്തിൽലൂടെയുള്ള യാത്രയിൽ അതൊരു പ്രശ്നമേ അല്ല വിജനമായ കാട്ടിലൂടെ പതുക്കെ മുന്നോട്ട്.  ഇലച്ചാർത്തുകൾക്കിടയിൽ മറഞ്ഞുനിൽക്കുന്ന ആതിഥേയരെ കണ്ടുപിടിക്കാനുള്ള ചുമതല ( കാട് അവരുടെ വീടാണല്ലോ) 3 പേരെയും ഏൽപ്പിച്ചിട്ട് വീതികുറഞ്ഞ വളവും തിരിവും ഉള്ള റോഡിൽ ശ്രദ്ധയോടെ ഡ്രൈവിംഗ് ഭംഗിയായി നിർവഹിച്ചു കൊണ്ടിരുന്നു. ധാരാളം ചെറിയ അരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും റോഡിനിരുവശവും ഉണ്ടായിരുന്നു.

ഈ റൂട്ടിൽ വരുമ്പോൾ മൺസൂണിന്  തൊട്ടുപുറകിൽ വരണം.  എങ്കിൽ മാത്രമേ വെള്ളച്ചാട്ടങ്ങളും അരുവികളും കാണുവാനായി സാധിക്കുകയുള്ളൂ. മലയണ്ണാൻ,  മാൻ, കാട്ടുപോത്ത്,  ആന തുടങ്ങി മിക്കവാറും എല്ലാ മൃഗങ്ങളും ഉള്ള കാട് ആണ്. പക്ഷേ നിർഭാഗ്യവശാൽ ഒന്നിനെയും കണ്ടില്ല. അങ്ങനെ ഷോളയാർ ഡാം എത്തി.  കുറച്ചുനേരം അവിടെ കറങ്ങി നടന്നു മക്കൾ രണ്ടു പേരും സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. ഇവിടെ സഞ്ചാരികൾക്കായി ടോയ്‌ലറ്റ് സംവിധാനം ഒന്നും തന്നെയില്ല.  അധികാരികൾ അത് ശ്രദ്ധിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഡാമിൽ നിന്ന് പിടിക്കുന്ന മീനിനെ അപ്പോൾ തന്നെ ഫ്രൈ ചെയ്തു തരുന്ന കട ഇവിടെയുണ്ട്. നല്ല ടേസ്റ്റ് ഉള്ള മീൻ.
വീണ്ടും യാത്ര തുടർന്നു ഡാമിന്റെ മുകളിലെത്തി വിവരിക്കാൻ വാക്കുകളില്ല അത്ര സുന്ദരമായിരുന്നു കാഴ്ചകൾ.

 കുറച്ചുനേരം അവിടെ തങ്ങിയ ശേഷം വീണ്ടും യാത്ര തുടർന്നു.  ഷോളയാർ ഡാമിന്റെ റിസർവോയർ സൈഡിൽ കൂടിയുള്ള യാത്ര് വളരെെ വളരെെ മനോഹരവും  കണ്ണിനു കുളിർമ പകരുന്നതും ആണെന്ന്് പറയാതെെ വയ്യ. മൺസൂൺ മഴയിൽ നിറഞ്ഞുകവിഞ്ഞ നിൽക്കുന്ന ഡാം. ഇത്രയും വെള്ളം മലമുകളിൽ കെട്ടിനിൽക്കുന്നത് അൽഭുതം തോന്നുന്ന കാഴ്ചയാണ്. ഏകദേശം 10 കിലോമീറ്ററോളം റോഡിന്റെ ഒരു വശം ഷോളയാർ ഡാമിന്റെ റിസർവോയർ ആണ്. ഡാമിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തദ്ദേശവാസികളെ ധാരാളമായി കാണുവാൻ കഴിയും. തദ്ദേശവാസികളായ ആദിവാസികൾക്ക് മാത്രമേ റിസർവോയറിൽ നിന്നും മീൻ പിടിക്കാൻ അനുവാദമുള്ളൂ. ഇത് അവരുടെ ഒരു ഉപജീവനമാർഗ്ഗം കൂടിയാണ്. ഒരിക്കൽ കൂടി പറയുന്നു മൺസൂൺ കഴിയുന്നതിന് തൊട്ടുപുറകിൽ വേണം ഈ റൂട്ട്  വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കാവൂ എന്നാണ് എന്റെ അഭിപ്രായം. കാട്ടിൽ ഉള്ള ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞുനിൽക്കുന്ന അണക്കെട്ടുകളും ഈ സമയത്ത് നല്ല ദൃശ്യങ്ങളായിരുന്നു.

വ്യൂ പോയിന്റ് കളിൽ നിർത്തിയും കണ്ട്് ആസ്വദിച്ചും  യാത്ര തുടർന്നു ഏകദേശം മൂന്ന് മണിക്ക് മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു, വാഴച്ചാൽ മലക്കപ്പാറ 45 കിലോമീറ്റർ ദൂരമാണ് ചെക്കിങ് എല്ലാം കഴിഞ്ഞു. നല്ല വിശപ്പുണ്ടായിരുന്നു ഏറ്റവും ആദ്യം കണ്ട ഹോട്ടലിൽനിന്നും  ചോറും മീൻ കറിയും കഴിച്ചു കുറച്ചുനേരം വിശ്രമിച്ചു.  മലക്കപ്പാറ പകൽ സമയത്തും ആനയും, പുലിയും ഇറങ്ങുന്ന സ്ഥലമാണ് അതുകൊണ്ടുതന്നെ എപ്പോഴും ഒരു ശ്രദ്ധ വേണം. അടുത്ത ലക്ഷ്യസ്ഥാനമായ വാൽപ്പാറ 27 കിലോമീറ്റർ ദൂരമാണ് വാൽപ്പാറയിൽ ആണ് റൂം ബുക്ക് ചെയ്തിരിക്കുന്നതു. മലക്കപ്പാറ കഴിഞ്ഞപ്പോൾ പ്രകൃതിയുടെ മാറ്റം വളരെ പ്രകടമാണ്.


 കോടമഞ്ഞും തണുപ്പും ഉള്ള വഴിയിൽ കൂടി വാൽപ്പാറ ലക്ഷ്യമാക്കി പതുക്കെ അലസമായി ഡ്രൈവ് ചെയ്ത് ഇടയ്ക്ക് നിർത്തി ചൂട് ചായ കുടിച്ചും  യാത്ര തുടർന്നു. അങ്ങനെ വാൽപ്പാറയിൽ എത്തിച്ചേർന്നു. വാൽപ്പാറ കാടിന് നടുവിലെ ഒരു ചെറിയ പട്ടണം. തമിഴ്നാട്ടിലെ ഒരു ചെറിയ പട്ടണത്തിൽ കാണുവാൻ കഴിയുന്ന എല്ലാ കാഴ്ചകളും ഇവിടെയും കാണാം. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ. അയ്യോ കോയമ്പത്തൂരോ എന്നു കരുതേണ്ട. നമ്മുടെ ആതിരപ്പള്ളിയും വാഴച്ചാലും കണ്ടു കണ്ടങ്ങ് കാടുകയറി വണ്ടിയോടിച്ചാൽ മലക്കപ്പാറ എന്ന അതിർത്തി തൊടാം. പിന്നെ എല്ലാം വാൽപ്പാറ യുടെ പേരിലാണ് അറിയപ്പെടുന്നത്. ഏറെ തേയിലത്തോട്ടങ്ങൾ ഉണ്ട് വാൽപ്പാറയിൽ. സത്യത്തിൽ വാൽപ്പാറയിൽ സാധാരണ സഞ്ചാരികൾക്ക് കാണുവാൻ ഒന്നുംതന്നെയില്ല. തേയില തോട്ടങ്ങളും തണുപ്പും മഞ്ഞും അല്ലാതെ.... ഗ്രീൻ ഹിൽ ഹോട്ടലിലായിരുന്നു താമസിച്ചത്. റസ്റ്റോറന്റ് ഉള്ള ഹോട്ടൽ ആണ് veg,  non veg എല്ലാ ഭക്ഷണവും അവൈലബിൾ ആണ്. റെന്റ് 1500+300 എക്സ്ട്രാ ബെഡ്.  വെളുപ്പിന് 3 മണിക്ക് തുടങ്ങിയ ദീർഘമായ ഡ്രൈവ്  ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു കുളിച്ച് ആഹാരം കഴിച്ച് ഫോണിൽ നാലുമണിക്ക് അലാറം വെച്ച് ബെഡിൽ കിടന്നത് ഓർമ്മയുണ്ട്. രാവിലെ ആറുമണിക്ക് അടുത്ത ലക്ഷ്യസ്ഥാനമായ പറമ്പിക്കുളംത്തേയ്ക്ക്  യാത്ര തുടർന്നു വാൽപ്പാറയിൽ നിന്ന് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന പൊള്ളാച്ചി റോഡിൽ കൂടിയുള്ള യാത്ര വളരെ രസകരമാണ്.

രാവിലെ ആയതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു! കൂടാതെ കാറ്റും!! തണുത്ത കാറ്റിൽ വിറച്ചുപോയി. ഹെയർപിൻ റോഡിലൂടെയുള്ള യാത്ര വ്യൂ പോയിന്റ് കളിൽ നിർത്തിയും ഫോട്ടോയെടുത്തും തുടർന്നു. പറമ്പിക്കുളം-ആളിയാർ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് ആളിയാർ ഡാമിന്റെ മുകളിൽ നിന്നുള്ള ദൃശ്യം വളരെ മനോഹരമായിരുന്നു,

അതുപോലെതന്നെ ഹെയർപിൻ റോഡിന്റെ മുകളിൽ നിന്നുള്ള ദൃശ്യങ്ങളും. ഹെയർപിൻ എല്ലാം കഴിഞ്ഞു താഴെഎത്തിയശേഷം പൊള്ളാച്ചി റോഡിലൂടെ തമിഴ് നാടിന്റെ ആനമല ടൈഗർ റിസർവ് ലക്ഷ്യമാക്കി യാത്ര തുടർന്നു. തമിഴ് നാടിന്റെ ടിപ്പിക്കൽ ഗ്രാമങ്ങളിൽ  കൂടിയുള്ള യാത്ര. അധ്വാനശീലരായ തമിഴ് ഗ്രാമീണർ. കൃഷിയാണ് അവരുടെ മുഖ്യ ഉപജീവനമാർഗം. റോഡിന് ഇരുവശവും നോക്കെത്താദൂരത്തോളം തെങ്ങിൻതോപ്പുകൾ. തെങ്ങിൻതോപ്പിൽ പണിയെടുക്കുന്ന ഗ്രാമീണരായ തൊഴിലാളികളെ ചെറിയ പിക്കപ്പ് വണ്ടിയിൽ ഓരോ തോട്ടത്തിലും കൊണ്ടുവന്ന ഇറക്കുന്നു. നിശ്ചിത അകലത്തിൽ വരിവരിയായി നിറച്ചും കായ ഫലവും പേറി നിൽക്കുന്ന കല്പവൃക്ഷങ്ങൾ!  പണ്ടുകാലത്ത് കേരളത്തിന്റെ അതേ കാഴ്ചകൾ. എല്ലാ തെങ്ങിൻതോപ്പുകളും അതിർത്തി വേലി കെട്ടി ഗേറ്റും സ്ഥാപിച്ച സുരക്ഷിതമാക്കി ഇരിക്കുന്നു. വെള്ളം പമ്പ് ചെയ്യുന്നതിനുള്ള കുഴൽ കിണറും പമ്പ് സെറ്റും എല്ലാ തോട്ടങ്ങൾക്കും പ്രത്യേകം പ്രത്യേകം ആയി സ്ഥാപിച്ചിരിക്കുന്നു.  തമിഴ് നാടിന്റെ ഗ്രാമീണ ഭംഗിയും തെങ്ങിൻ തോട്ടങ്ങളും വ്യത്യസ്തമായ കാഴ്ചകളായിരുന്നു.  തമിഴ്നാട്ആനമല ടൈഗർ റിസർവിൽ കൂടി മാത്രമേ നമ്മുടെ പറമ്പിക്കുളം ടൈഗർ റിസർവിൽ എത്തിച്ചേരാൻ പറ്റുകയുള്ളൂ.  ചെക്ക് പോസ്റ്റിൻന്റെ  എൻട്രൻസിൽ ഡ്രൈവിംഗ്  ലൈസൻസും വണ്ടിയുടെയും യാത്രക്കാരുടെയും വിവരങ്ങൾ നൽകി ടിക്കറ്റെടുത്ത് ആനമല  ടൈഗർ റിസർവ് ചെക്ക് പോസ്റ്റ് കടന്ന് യാത്ര തുടർന്നു.

ധാരാളം മയിലുകൾ, മാൻ കൂട്ടങ്ങൾ, മലയണ്ണാൻ ഇവരെയൊക്കെ റോഡിനിരുവശത്തും കാണാൻ കഴിഞ്ഞു.  വളരെ വീതി കുറഞ്ഞ റോഡും ഹെയർപിൻ  വളവുകളും താണ്ടി തമിഴ് നാടിന്റെ വനത്തിലൂടെ 13 കിലോമീറ്റർ യാത്ര ചെയ്തു ഒടുവിൽ പറമ്പിക്കുളം ടൈഗർ റിസർവിൽ എത്തിചേർന്നു.  വാൽപ്പാറ പറമ്പിക്കുളം 90 കിലോമീറ്റർ ആണ്.  വളരെ സുന്ദരമായി ഡിസൈൻ ചെയ്ത ഒരു പ്രവേശനകവാടവും, പാർക്കിംഗ് സ്ഥലവും, സഞ്ചാരികൾക്ക് ഇരുന്നു വിശ്രമിക്കാൻ നീളമുള്ള സൈഡ് വാൾ, ഒരു ചെറിയ അരുവിയും, ടോയ്ലറ്റ് കോംപ്ലക്സ്, ടിക്കറ്റ് കൗണ്ടർ എല്ലാം ഉണ്ട് ഇവിടെ. കാടിന്റെ പശ്ചാത്തലം കൂടിയാകുമ്പോൾ സുന്ദരമായ ഒരു പ്രവേശന കവാടം.

 ടിക്കറ്റ് കൗണ്ടറിൽ  വാഹനത്തിന്റെ ഡീറ്റെയിൽസ് യാത്രക്കാരുടെ പേരും വയസ്സും രേഖപ്പെടുത്തി ടിക്കറ്റെടുത്തു. എൻട്രൻസിൽ ഉണ്ടായിരുന്ന പൊലീസുകാരനെ പരിചയപ്പെട്ടു. കൊല്ലം ജില്ലക്കാരനാണ് "രണ്ട് മൂന്ന് വണ്ടി മാത്രമേ കടന്നു പോയിട്ടുള്ളൂ വഴിയിൽ നിൽക്കാതെ എളുപ്പം പോകാമെങ്കിൽ ആദ്യം പോകുന്ന ജംഗിൾസഫാരി വണ്ടിയിൽ തന്നെ പോകാൻ പറ്റും ആദ്യ വണ്ടിയിൽ പോയാൽ കാടി നുള്ളിൽ ധാരാളം മൃഗങ്ങളെ കാണാൻ കഴിയും" എന്ന് വിലപ്പെട്ട നിർദേശവും അദ്ദേഹം നൽകി. അതോടൊപ്പം തിരുവോണനാളിലും കുടുംബത്തോടൊപ്പം ചേരാൻ ആകാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന വിഷമവും അദ്ദേഹം പങ്കുവെച്ചു.അദ്ദേഹത്തിന് നന്ദിയും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം മൂന്നു കിലോമീറ്റർ കൂടി വനത്തിലൂടെ സഞ്ചരിച്ചപ്പോൾ സഫാരി വണ്ടികൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി. ഇവിടെ വിശാലമായ പാർക്കിംഗ് സ്ഥലം, ടോയ്ലറ്റ് കോംപ്ലക്സ്, റിസപ്ഷൻ സെന്റർ, കുടുംബശ്രീ നടത്തുന്ന റസ്റ്റോറന്റ് എല്ലാമുണ്ട്. വഴിയിലെല്ലാം ധാരാളം മാൻ കൂട്ടത്തെയും, മയിലിനെയും, മലയണ്ണാനെയും, കുരങ്ങുകളെയും കാണാൻ കഴിഞ്ഞു.  അതോടുകൂടി എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. സഫാരി വണ്ടിയിൽ ടിക്കറ്റെടുത്ത് ആദ്യമേ തന്നെ സീറ്റ് പിടിച്ച് 3മണിക്കൂർ നീളുന്ന സഫാരി യാത്രക്കായി തയ്യാറായി. സഫാരി വണ്ടിയിൽ ഒരു ഡ്രൈവറും ഒരു ഗാർഡും ആണുള്ളത്. പരിശീലനം സിദ്ധിച്ച ആദിവാസി യുവാക്കൾ ആണിവർ. സഫാരി വണ്ടിയിൽ ഞങ്ങൾക്ക് പിന്നിൽ നിർത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന ഒരു തമിഴ് സംഘം ആയിരുന്നു അതൊരു അലോസരമായി തോന്നി. എങ്കിലും ജംഗിൾ സഫാരി നല്ല രസമായിരുന്നു ഇളംവെയിലിൽ മാൻ കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നു. ചിലർ തീറ്റ കഴിഞ്ഞു വിശ്രമിക്കുന്നു.

സഫാരി വണ്ടി കാണുമ്പോൾ തലപൊക്കി നോക്കിയശേഷം അവർ അവരുടെ ജോലി തുടരുന്നു. ചിലർ ഫോട്ടോയ്ക്ക് പോസ്  ചെയ്യുന്നു.

ആന! ആന!! എന്ന വിളികേട്ട് മറുവശത്തേക്ക് നോക്കുമ്പോൾ ഒറ്റയാൻ മരങ്ങൾക്കിടയിലൂടെ നടന്നു പോകുന്നത് ഒരു ദൂരക്കാഴ്ച യായി കാണുവാൻ സാധിച്ചു.

വണ്ടിക്കുള്ളിൽ തമിഴ് സംഘത്തിന്റെ ബഹളം എല്ലാ അതിരുകളും പിന്നിട്ടപ്പോൾ ഗാർഡ് താക്കീത് ചെയ്തു പിന്നീട് ശല്യം ഇല്ലായിരുന്നു. കാട്ട് പോത്ത്, കാട്ടുപന്നി, മയിൽ, മ്ലാവ് , കുരങ്ങ്, മാൻ കൂട്ടങ്ങൾ എല്ലാ നല്ല രസമായിരുന്നു. മൂന്ന് ഡാമുകൾ ഉണ്ട് പറമ്പിക്കുളം ടൈഗർ റിസർവിൽ മൂന്നിൽ നിന്നും വെള്ളം തമിഴ്നാടിന് ആണ്.

ഇതിൽ മുതലകൾ ധാരാളമുണ്ട്. വനത്തിനുള്ളിൽ ഒരു രാത്രി താമസിക്കാനും, ട്രക്കിങ്ങിന്, ആദിവാസി നൃത്തം, ഭക്ഷണം, ജംഗിൾ സഫാരി എല്ലാമടങ്ങിയ പാക്കേജ് ഉണ്ട് രണ്ടുപേർക്ക് എണ്ണായിരം രൂപയാണ് ചാർജ്. സഫാരി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സമയം ഒരു മണി നല്ല വിശപ്പും. അവിടെത്തന്നെയുള്ള ഫുഡ് കോർട്ടിൽ നിന്നും ഉച്ചഭക്ഷണം. ചോറും സാമ്പാറും തോരനും മീൻകറിയും ഡാമിൽ നിന്ന് പിടിക്കുന്ന നല്ല മീൻ വറുത്തത് ചൂടോടെ(ഒരെണ്ണത്തിന് 50 രൂപ )അതും അകത്താക്കി മടക്കയാത്രയ്ക്ക്  തയ്യാറായി തിരിച്ച് എൻട്രൻസ്സിൽ  എത്തി സെൽഫിയും  എടുത്ത്

പാലക്കാട് വഴി മുതലമടയിലെ മാവിൻ തോപ്പുകളും പാലക്കാട് നെൽച്ചെടി കതിരിട്ടു നിൽക്കുന്ന വയലേലകളും കണ്ടു കണ്ടു ഹൈവേയിൽ എത്തിച്ചേർന്നു വീട് ലക്ഷ്യമാക്കി 8 വർഷമായി കൂടെയുള്ള എർട്ടിഗ കാർ ഡ്രൈവ് ചെയ്യുമ്പോൾ തൂക്കുപാലവും, പുഴയും, വെള്ളച്ചാട്ടങ്ങളും, വനവും, വന്യമൃഗങ്ങളും, കോടമഞ്ഞും, തണുപ്പും, തേയിലത്തോട്ടങ്ങളും, തെങ്ങിൻതോപ്പുകളും, ഓർമ്മകളിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു. അതോടൊപ്പം അടുത്ത യാത്രയെക്കുറിച്ച്  മനസ്സിൽ പ്ലാൻ ചെയ്യുകയായിരുന്നു.****** പറമ്പിക്കുളം തിരുവനന്തപുരം 404 കിലോമീറ്റർ



 


Comments

abhayam said…
വളരെ നന്നായിട്ടുണ്ട്. കുറച്ചു കൂടി വിവരണം ആകാമായിരുന്നു. തുടർന്നും ഏഴുതുക.
നല്ല യാത്ര വിവരണം നല്ല ചിത്രങ്ങളും. നന്ദി അടുത്ത യാത്ര അങ്ങോട്ടാക്കാൻ പ്രചോദനം നൽകുന്ന കുറിപ്പ്
I am Here said…
നന്നായിട്ടുണ്ട്, ഇനിയും എഴുതുക ����
Anonymous said…
രസകരായ യാത്ര വിവരണം. താമസിച്ച ഹോട്ടലിനെ പറ്റിയും കൂടി കുറച്ചു ഡീറ്റയില്ഡായി ഫോൺ നം സഹിതം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.

Popular posts from this blog

ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം